വിനീതാ മേനോൻ കാൻവാസിൽ അക്രിലിക്കിൽ ചെയ്ത ചിത്രങ്ങൾ ദൃശ്യവിസ്മയങ്ങളാണ്. ചിത്രങ്ങളിലൂടെ ഇൻറീരിയർ ഡിസൈനിങ്ങും ചെയ്യുന്നു. ചിത്രകലയെ പാഷനായും പ്രൊഫഷനായും ഒരുമിപ്പിക്കുകയാണിവർ.
പനമ്പള്ളി നഗറിൽ പെപ്പർ ഫ്രൈ സ്റ്റുഡിയൊവിൽ കഴിഞ വർഷം നടത്തിയ പ്രദർശനം നിരവധി പേരെ ആകർഷിച്ചിരുന്നു. മുപ്പതോളം വ്യത്യസ്ഥ ചിത്രങ്ങളാണിവിടെ പ്രദർശിപ്പിച്ചത്.
കണ്ടംപററി ആർട്ടും മ്യൂറൽ ആർട്ടും അബ്സ്ട്രാക്ട് ചിത്രങ്ങളും വിനീതാ മേനോൻ വരക്കാറുണ്ട്.
ഫാബ്രിക് പെയിൻറിങ്ങും ഗ്ലാസ് പെയിൻറിങ്ങും ജ്വല്ലറി ഡിസൈനും വിനീതക്ക് ഇഷ്ടമാണ്.
“ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ കാലിന് അസുഖം വന്ന് നടക്കാൻ പ്രയാസമായിരുന്നു. മരുന്നല്ല, പെയിൻറിങ്ങിന്റെ മാസ്മരിക ലോകമാണ് എന്റെ അസുഖം ഭേദമാക്കിയത് “.
പിന്നീട് പെയിൻറിങ്ങ് തന്നെ ജീവിതമാക്കി. ആദ്യകാലങ്ങളിൽ ഫാബ്രിക്ക് ചെയ്തു തുടങ്ങി.
സ്വന്തം നാട് പാലക്കാടാണ്. ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു. നിരവധി ഇൻറീരിയർ ഡിസൈനർമാരുമായി കൊച്ചിയിൽ സഹകരിച്ചു പ്രവർത്തിക്കുന്നു. മ്യൂറൽ ആർട്ടിൽ വലിയ താൽപര്യമാണ്. വീടുകളിൽ പോയി അവരുടെ താൽപര്യത്തിനും പുതിയ ട്രെൻറിനും അനുസരിച്ച് വർക് ചെയ്യുന്നു. നിരവധി നഗരങ്ങളിൽ നാൽപതോളം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 3ഡി ഇഫക്ടുള്ള ബുദ്ധന്റെ അനന്തശയനം നല്ല അനുഭവമാണ്. ഇപ്പൊൾ ആളുകൾ ഇഷ്ടപ്പെടുന്നതു് മോഡേൺ ആർട് ആണ്. അയ്യായിരത്തിലധികം പെയിന്റിങ്ങുകൾ ചെയ്തു കഴിഞ്ഞു.
“എനിക്ക് ഏറ്റവും ഇഷ്ടം അബ്സ്ട്രാക്ട് ആർട് ചെയ്യാനാണ്. ഇപ്പൊഴത്തെ ട്രെൻറും അബ്സ്ട്രാക്ട് ആണ്. അക്രിലിക്കിൽ ചെയ്യുന്നതിനാൽ വളരെ സ്പീഡിൽ ചെയ്യണം. ഇതിൽ എനിക്ക് പെർസണൽ ഫീലിങ്ങ് കിട്ടുന്നുണ്ടു്. ഒരു പ്രത്യേക മൂഡിൽ ചെയ്യേണ്ടതാണ്. അതിനാൽ ഒരു യുനീക്നസ്സ് കാണും. അതു തന്നെയാണ് അതിന്റെ ഈസ്തറ്റിക്സും. എന്റെ ഒരു അബ്സ്ട്രാക്ട് വേറൊരാൾക്ക് ചെയ്യാൻ പറ്റില്ല; എനിക്ക് പോലും പിന്നീട് പറ്റില്ല. ഫിഗറേറ്റീവ് ചിത്രങ്ങളാണെങ്കിൽ കോപ്പി ചെയ്യാം”.
ഇവിടെ വിനീതാ മേനോൻ കേവലം വർണരൂപങ്ങൾ സൃഷ്ടിച്ചുകൊണ്ടു് പ്രകൃതിയുടെ സൂക്ഷ്മ ഭാവങ്ങൾ ആവാഹിക്കുകയല്ല. എണ്ണ ചായത്തിലും അക്രിലിക്കിലും മ്യൂറൽ ചിത്രങ്ങളിലും ജീവിതം ചാലിക്കുകയാണ്. അതിജീവനത്തിന്റെ സ്വന്തം ജീവിതം തന്നെ.
“എനിക്ക് ഒന്നും പഠിക്കേണ്ടി വന്നിട്ടില്ല. ഞാൻ അനുഭവിക്കുകയായിരുന്നു. പെയിൻറിങ്ങ് നല്ലതായിരിക്കും. പക്ഷെ അത് ഒരുക്കുന്ന ചുവരുകൾക്കും പ്രത്യേകതയുണ്ടു്. പെയിൻറിങ്ങ് ഒരുക്കുന്ന സ്ഥലവും പ്രധാനമാണ്. ചിത്രങ്ങൾ വരക്കുന്നതിലും ഒരുക്കുന്നതിലും എനിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു”.
“എന്റെ സ്വപ്നം യാത്രയും ചിത്രങ്ങളുമാണ്”