x

JAYASREE P. G / ARTIST

Jayasree PG: One of the remarkable contemporary Indian artists knows how to translate a visual ‘insecurity’ into a visual surprise, which is called a visual refuge for us from the heap of visual perplexities lamented with emotional and social satire lavishly littered along the thoroughfare of our current and ineffectual existence.

EH Pushkin

പ്രസിദ്ധ ചിത്രകാരനും കവിയും എഴുത്തു കാരനുമായ  E. H. Pushkin, പ്രസിദ്ധ ചിത്രകാരി ജയശ്രീ  പി.ജി യുടെ  ചിത്ര രചനകളുടെ ഉൽകൃഷ്ട കാഴ്ചകളെ കുറിച്ച് എഴുതുന്നു.

ജയശ്രീ പി.ജി യുടെ കല:

സമയ തീരത്തിലെ അണയാക്കനലുകൾക് അരികിലേക്കുള്ള സർഗ യാത്രകൾ

എത്ര തവണ പുറത്താക്കപ്പെട്ടാലും ഒരാൾ എന്തിന് തനിക്ക് ചുറ്റും ചിരപ്രതിഷ്ട നേടിയ, തനിക്ക് പ്രത്യേകിച്ച്  ദോഷമൊന്നുമില്ലാത്ത, വ്യവഹാരങ്ങൾ കുറഞ്ഞ ഭൗതികത സൗകര്യങ്ങളിൽ നിന്നും അപകടങ്ങളുടെ സ്ഥിരം നിക്ഷേപങ്ങളുടെ സർഗവാതിലുകൾക്ക് നേരെ വീണ്ടും കടന്നു ചെല്ലുന്നത്?

വിശദീകരിക്കാൻ വളരെ  എളുപ്പമാകില്ലെങ്കിലും പറയാം.

അതൊരു നിമിത്തമാണ്. മറെറാരർത്ഥത്തിൽ പറഞ്ഞാൽ ഈ പ്രപഞ്ചം ജീവിതത്തിന് പകരമായി കൊടുത്ത ഒരു ജോലിയാണത്.

തന്നെ നിരന്തരം വിശദീകരിച്ചു്, തൻ്റെ ഉൺമയെ അനുഭവിക്കുകയും അനുഭവിപ്പിക്കയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന, മനുഷ്യന് മാത്രമല്ല എല്ലാ ജൈവ സാന്നിദ്ധ്യങ്ങൾക്കും നൽകിയ പണി . ജൈവ സാന്നിദ്ധ്യങ്ങൾക് സാക്ഷിയാകാത്ത ഒരു ലോകം നിത്യ മറവിയായിരിക്കും. അതു പോലെ സർഗവിശദീകരണങ്ങൾക്ക് വിധേയമാകാത്ത ഒരു ലോകം അതിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർക്ക് എന്നും ഒരു ബാധ്യതയുമായിരിക്കും. കലയില്ലാത്ത ഇടങ്ങൾ Juan  Rulfo  യുടെ സൂഷ്ടിയായ Comala നഗരത്തെ  പോലെയായിരിക്കും  നിലനിൽക്കുക.

കല എന്ന സാധാരണമല്ലാത്ത ഒരനുഭവത്തെ അതാത് കാലത്തിന് അനുസൃതമായി വിശദീകരിച്ച് കൊണ്ടിരിക്കേണ്ട ഒരു കർമ്മമായിട്ടാണ് ഒരു വ്യക്തിയിൽ വാഴുന്നത്. ആ ആളെയാണ് സർഗരചയിതാവ് / കലാകൃത്ത്/ ചിത്രകൃത്ത് (Artist) എന്നൊക്കെ വിളിച്ച് പോരുന്നത്. എത്ര വിചാരിച്ചാലും സ്വയം മോചിപ്പിച്ച് കൊണ്ട് പിന്മാറാൻ കഴിയാത്ത വിധം പൊരുത്തപ്പെടുത്തിയ ഒരു നിർബന്ധ ജീവിത രീതിയായിരിക്കും ഒരു സർഗരചിതാവിൻറെത്. അതിനവൾ/ അയാൾ പരിശീലനം നേടുന്നു. അതിന് വേണ്ടി അലഞ്ഞ് തിരിയുന്നു; ചിലപ്പോൾ ജീവിതം മുഴുവനും.

കലയെന്ന തൻറെ ആത്മ ബോധത്തിനുള്ള അന്നം തേടി, തനിക്ക് വേണ്ടപ്പെട്ടതൊക്കെയും ത്യജിച്ച് ഒരാൾ പോകും കലയെന്ന വന്ധ്യ മേഘങ്ങൾക്കുളിലെ സൗന്ദര്യ ബോധങ്ങളെ പ്രണയിക്കാൻ. തൻറെ ബൗദ്ധിക തീരങ്ങളിലൂടെയുള്ള അത്തരം യാത്രകളിൽ നിന്നാണ് സൃഷ്ട്ടികളായി പ്രതിഷ്ഠിക്കേണ്ട ദൃശ്യ ബിംബങ്ങളേയും സൗന്ദര്യങ്ങളേയും ഒരു കലാ/ കഥാകൃത്ത് കണ്ടെത്തുന്നത്.

ജയശ്രീയുടെ സർഗസൃഷ്ടികളെല്ലാം അത്തരം കണ്ടെത്തലുകളാണ്. താൻ ജീവിച്ച, ജീവിക്കുന്ന ഒരു കാല നദിക്കരുകിൽ ഇന്നും അണയാക്കനലുകളായി ജീവിക്കുകയാണവ. അവക്കരുകിലേക്കുള്ള തീർത്ഥ യാത്രകളാണ് ജയശ്രീയുടെ കല.

മനുഷ്യ സംസ്ക്കാരങ്ങൾ ഉടലെടുത്തത് നദീ തടങ്ങളിൽ നിന്നുമാണെന്ന് പഠനങ്ങൾ/ ചരിത്രം പറയുന്നു. കാലത്തിനെ/സമയത്തിനെ കെ പി അപ്പൻ വിശേഷിപ്പിക്കുന്നത് സമയ പ്രവാഹം എന്നും വാക്കുകൾ നദിയിലൂടെ ഒഴുകി വരുന്ന വിളക്കുകൾ പോലെ ആയിരിക്കണം എന്നുമാണ്. ഒരേ നദിയിൽ വീണ്ടുമൊരിക്കൽ ആർക്കും ഇറങ്ങാൻ കഴിയില്ല എന്ന് ഹെരാക്ലിറ്റസ് (Heraclitus) ഉം പറയുന്നു. നദികൾ ചിന്തകളെ/സങ്കൽപ്പങ്ങളെ എന്ത് മാത്രം ഉത്കൃഷ്ടമാക്കിയെന്ന് അത്തരം നിരീക്ഷണങ്ങളിൽ നിന്നും നമ്മൾ അറിയുന്നു. കേരളത്തിലെ പെരിയാർ എന്ന അത്തരം ഒരു നദീ തീരത്തിൽ നിന്നുമാണ് ജയശ്രീയും തൻറെ ചിന്തകളെ/സങ്കൽപ്പങ്ങളെ കണ്ടെത്തുവാനുള്ള യാത്ര ആരംഭിക്കുന്നത്.

ചരിത്ര നിർമ്മിതിയിൽ വലിയ പങ്ക് വഹിച്ച മൺ ചൂളകളേയും അവക്കുള്ളിൽ അണയാ കനലുകളായി ജീവിച്ച മനുഷ്യജന്മങ്ങളേയും വസ്തുക്കളേയും സർഗാത്മകതയുടെ ഭാഷയിൽ ജയശ്രീ അല്ലാതെ മറ്റാരെങ്കിലും ആധുനിക കലയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല.

ജയശ്രീ ആ നദീതീരത്തിലൂടെ നടന്ന് ചെന്നെത്തുന്നത് കേരളത്തിൻറെ വാസ്തു കലയെ നനയാത്ത അഭയങ്ങളാക്കിയ ആലുവ തോട്ടയ്ക്കാട് കരയിലെ എരിയുന്ന അനേകം മൺ ചൂളകൾക്കരുകിലാണ്. അവിടെ കത്തുന്ന മൺ നിറങ്ങളിലെ കനലും മണവും വേദനയുമെല്ലാം ജയശ്രീക്ക് അറിയാം. തൻറെ പ്രിയപ്പെട്ടവർ തൊഴിൽ ചെയ്തിരുന്ന ഇടങ്ങളിലെത്തുന്നു. അവിടെ കാണുന്ന വ്യത്യസ്ഥ കാഴ്ചകളിലൂടെ, ശബ്ദങ്ങളിലൂടെ കടന്ന് പോകുന്നു.

അവർക്ക് അന്നവുമായി വീണ്ടും എത്തുന്നു. അപ്പോൾ കാണുന്ന കത്തുന്ന മണ്ണിൻറെ നിറങ്ങൾ, കത്തുന്ന മണ്ണിൻറെ മണം, കത്തുന്ന മണ്ണിലെ ജീവൻ. എല്ലാം അവയുടെ വാസസ്ഥലങ്ങളിൽ നിന്നുമിറങ്ങി ജശ്രീയുടെ ബോധങ്ങളിൽ ചേക്കേറുന്നു. കാലങ്ങൾക്ക് ശേഷം അതേ ചൂടിലും മണത്തിലും അവയെ ജയശ്രീ വീണ്ടും കണ്ടെത്തുകയായിരുന്നു. പിന്നെയവ തൻറെ സൗന്ദര്യ സങ്കൽപ്പങ്ങളിലൂടെ മനോഹരമായ ചിത്രങ്ങളാകുന്നു. ഒരു പക്ഷേ ചിത്രകലയിൽ മറ്റാരും കണ്ടെത്താത്ത ഒരു തിരഞ്ഞെടുപ്പാകാം ജയശ്രീയുടേത്. ഇന്ന് ആ സ്ഥലങ്ങൾ നിഛലതയുടെ മറ്റൊരു ലോകമാണ്. ജയശ്രീയുടെ ചിത്രങ്ങളിലൂടെ കടന്ന് പോകുമ്പോൾ ആ നിഛലതകൾ കാഴ്ചക്കാരോട് സംവദിക്കുന്നതായി നമുക്ക് അറിയാം. അത്രയും ദൃഢമായ ബിംബ നിർമ്മാണങ്ങൾ ജയശ്രീ തൻറെ സൃഷ്ടികളിൽ നടത്തിയിട്ടുണ്ട്.

കൊലപാതകങ്ങളെ വരെ സാഹിത്യത്തിനും സിനിമക്കും വിഷയങ്ങൾ ആക്കി അവയെ വിനോദത്തിൻറെ വിപണികളിൽ വിൽക്കുന്ന ആധുനിക കാലത്തിൽ, ചരിത്ര നിർമ്മിതിയിൽ വലിയ പങ്ക് വഹിച്ച മൺ ചൂളകളേയും അവക്കുള്ളിൽ അണയാ കനലുകളായി ജീവിച്ച മനുഷ്യജന്മങ്ങളേയും വസ്തുക്കളേയും സർഗാത്മകതയുടെ ഭാഷയിൽ ജയശ്രീ അല്ലാതെ മറ്റാരെങ്കിലും ആധുനിക കലയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല.

Orsay Museum (Musee d’ Orsay) എന്നത് ചിത്ര/ ശിൽപ്പകലയിലെ അതിശയകരമായ അനുഭവമാണ്. നാടകീയമായി നവീകരിച്ച ഒരു മുൻ ട്രെയിൻ സ്റ്റേഷൻ. ഇന്നത് പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമുള്ള കലകൾക്കായി നീക്കിവച്ചിട്ടുള്ള ഫ്രാൻസിലെ ഏറ്റവും ശ്രദ്ധേയമായ മ്യൂസിയമാണ്, ഇംപ്രഷനിസ്റ്റുകളിൽ ഏറ്റവും പ്രശസ്തമായ ചിത്രകാരന്മാരായ Edouard Manet, Van gogh, Claude Monet, Paul Gauguin എന്നിവരുടെ സൃഷ്ട്ടികൾ അവിടെയുണ്ട്.

പുതിയ ആശയങ്ങളേയും പരിവർത്തനങ്ങളേയും കാത്ത് നിൽക്കുന്ന ചരിത്ര ഇടങ്ങൾ നമ്മുടെ മുന്നിൽ എന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ നമ്മൾ അവക്ക് മുന്നിൽ Excavator- കളുമായി കാത്ത് നിൽക്കുന്നു. അത് എന്തിനാണെന്ന് ചോദിച്ചാൽ; ചരിത്ര ശേഷിപ്പുകളെ നമ്മുടെ സംസ്കൃതികളായി കാണാനും പുതു കാലത്തേക്ക് അവയെ സൂക്ഷിച്ച് വയ്ക്കാനും നാം പരിശീലനം നേടാത്തത് കൊണ്ടാണെന്ന് പറയാം. ഗതകാലങ്ങളിലെ സാമൂഹിക ശീലങ്ങളിൽ ജീവിച്ച് പതം (conditioned) വന്ന് പോയ ഒരു ജീവിത രീതി ആവരുത് നമുക്ക് ഇനി വേണ്ടത്. സ്വതന്ത്ര ശീലങ്ങളുടെ ഭാഗമായതിനെ എല്ലാം ദൂരെ നിന്ന്, സംശയത്തോടെ വീക്ഷിക്കുന്ന രീതി മാറണം. ചിത്ര/ശില്പകല, മറ്റൊന്നിനെ തുല്യമായി കാണാൻ പ്രേരിപ്പിക്കുന്ന സ്വതന്ത്ര/വിശ്വ/ബോധമാണ്.

ലോകം കണ്ട എക്കാലത്തേയും മികച്ച ചലച്ചിത്രകാരന്മാരിൽ ഉന്നതനായ ആൻഡ്രിയ തർക്കോവിസ്കിയുടെ (Andrei Tarkovsky) സർഗ്ഗയാത്രകൾ പ്രകൃതിയിൽ നിന്നും കവിതകളിൽ നിന്നുമാണ് ആരംഭിക്കുന്നത് (The Sacrifice (1986) സിനിമ ആരംഭിക്കുന്നത് വിജനമായ ഒരു നദീ തീരത്തിൽ നിന്നുള്ള സംഭാഷണങ്ങളിൽ നിന്നുമാണ്) അവ എത്തിച്ചേരുന്നത് തൻറെ രാജ്യത്തിൻറെ (Soviet- Russia) ചരിത്ര ശേഷിപ്പുകളിലും ഏകാന്തതയിലും കനലുകളായി അണയാതെ കിടക്കുന്ന മനുഷ്യൻറെ ആഗ്രഹങ്ങളിലും ആഗ്രഹ ഭംഗങ്ങളിലുമാണ്. എന്നാൽ പ്രതീക്ഷകളിലുള്ള വിശ്വാസമാണ് തർക്കോവിസ്കിയുടെ സന്ദേശം.

ആ നദി കടന്ന് പോകുന്ന ആലുവയിലെ തോട്ടയ്ക്കാട് കരയിലെ മൺചൂളകൾക്കുള്ളിലെ കനൽ നിറങ്ങളിലേക്ക് ആ യാത്ര ഇന്നും തുടരുന്നു,

ജയശ്രീയുടെ സർഗയാത്രകൾ ആരംഭിച്ചതും ജന്മസ്ഥലമായ പെരിയാർ നദീതീരത്ത് നിന്നും ആ നദി നൽകിയ കവിതകളിൽ നിന്നുമാണ് (ജയശ്രീ എഴുത്ത്കാരിയും കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ). ആ നദി കടന്ന് പോകുന്ന ആലുവയിലെ തോട്ടയ്ക്കാട് കരയിലെ മൺചൂളകൾക്കുള്ളിലെ കനൽ നിറങ്ങളിലേക്ക് ആ യാത്ര ഇന്നും തുടരുന്നു, അവ സൃഷ്ടികളായി മാറുന്നു. തർക്കോവിസ്ക്കിയെ ലോകം അംഗീകരിച്ചു കഴിഞ്ഞു. അണയാകനലുകളിൽ വരച്ച ചരിത്ര സൗരഭ്യമുള്ള ചിത്ര രചനകളുടെ ഉൽകൃഷ്ട കാഴ്ചകളുമായി, ആധുനിക ഇന്ത്യൻ ചിത്രകാരികളിൽ ഒരാളായി ജയശ്രീ നിൽക്കുന്നു; കാഴ്ചകളിൽ സൗന്ദര്യത്തെ അനേഷിക്കുന്നവരേയും കാത്ത്.

eh pushkin 2021

Life Is a Journey

Always Connect With Us

Always connect with us for your queries and travel related informations which may help you to your destination.

    © 2024 Travel. All rights reserved. SWAP IT Solutions