x

ART MUSINGS OF SARAH BINOY VARGHESE

ART MUSINGS OF SARAH BINOY VARGHESE / NEW DELHI :

ഡോ. ഷാജു നെല്ലായി /


ഓരോ കുട്ടിയിലും വരയ്ക്കാനും പാടാനുമുള്ള കഴിവു് സ്വയം അന്തർഹിതമായിരിക്കും. ചിലരിൽ ആ സർഗാത്മകതയും ഭാവനയും അൽപം കൂടുമ്പോഴാണ് സ്വാഭാവികമായും ഒരു ആർട്ടിസ്റ്റിൻ്റെ ജീവിതം അവർ ഭാവിയിൽ തെരഞ്ഞെടുക്കാനിടവരുന്നത്.

യാതൊരു അതിർവരമ്പുകളും ഇല്ലാതെയാണ് കുട്ടികൾ സാംസ്കാരികമായ ബഹുസ്വരത പ്രകടിപ്പിക്കുന്നതു്. ഒരു നിലയ്ക്, മുതിർന്നവരുടെ സ്വാധീനമാണ് അവരിൽ ഉപസാംസ്കാരിക ബോധം സൃഷ്ടിക്കുന്നത് . ശൈശവത്തിലെ സങ്കീർണമായ വികാരങ്ങളാലും പുറത്തു നിന്നെടുക്കുന്ന സാംസ്കാരിക കലർപ്പിനാലുള്ള ഇതര ഘടകങ്ങളും അവർ പ്രകടിപ്പിക്കുന്നത് തീർച്ചയായും കലയിലൂടെയായിരിക്കും. അവയൊ പ്രതീകാത്മക മൂല്യത്താൽ ഊർജ്ജസ്വലമാക്കപ്പെട്ടതും. അവർ യാതൊരു വിധ നിർദ്ദേശങ്ങൾക്കും വഴങ്ങാതെ ഒരു തരം സ്വയം പ്രകടനമാണ് നടത്തുന്നത്. അതിന് നമ്മൾ അന്തരീക്ഷവും അനുവാദവും നൽകുകയേ വേണ്ടൂ. വ്യക്തി എന്ന നിലയിലെ വികാസത്തിനും ഒരു പൊതുബോധത്തിലേക്കുള്ള കൂട്ടിവെപ്പിനും അത് സ്വാഭാവികമായും ഉൾപ്രേരണയാണ്. അവ്വിധമാണ് മാനസികവും ശാരീരികവുമായ ശാക്തീകരണം അവരിൽ നടക്കുക. 

അവരിൽ വിളങ്ങുന്നതു് ക്രാഫ്റ്റ് അല്ല. മറിച്ച്, ലളിതമായ മാധ്യമങ്ങളും അതിസങ്കീർണ്ണങ്ങളായ പ്രകടനവും ആയിരിക്കും. അല്ലെങ്കിൽ, വൈരുദ്ധ്യാത്മകമായ  ഗഹനമായ ദിശകളും സംഭവിക്കാം ചിലപ്പോൾ അവരുടെ കലയിൽ. നിർദ്ദേശങ്ങൾ പാലിക്കാൻ പറയുന്നത് വൈദഗ്ധ്യത്തിലേക്കുള്ള ചവിട്ടുപടിയാണങ്കിലും അതവരുടെ സൃഷ്ടിപരമായ ദിശകളെയും പ്രക്രിയയെയും ആകെയും തടസ്സപ്പെടുത്തുകയെയുള്ളൂ. ആ പ്രവർത്തനത്തിൽ തീരുമാനിച്ചുറച്ചപോലെ നിശ്ചിതമായ പദ്ധതികൾ ഉണ്ടായിക്കൂടാ. പര്യവേക്ഷണപരമായ അടിസ്ഥാനത്തിൽ അവർ മുന്നേറണമെങ്കിലും വ്യത്യസ്തമായ ഫലസിദ്ധികൾ പുറപ്പെടുവിക്കണമെങ്കിലും അവരെ തീർത്തും സ്വതന്ത്രരാക്കുകയേ വേണ്ടൂ.   

 ഇവിടെ സാറയെപ്പോലുള്ള കുട്ടികളിൽ കലയുടെ സാരാംശവും നിയമവും സ്വയം നിർമിതമാണ്. വളരെ ചെറുതായിരിക്കുമ്പോൾ തന്നെ കുട്ടികൾ ചുവരുകളിലും വിലപിടിപ്പുള്ള വസ്തുതുവകകളിലും മറ്റും വരയ്ക്കാൻ തുടങ്ങുകയായി. അതാണ് ആദ്യകാല വിദ്യാഭ്യാസം. മാതാപിതാക്കളെ അവർ ഒരു തരം സ്വയം വില മതിപ്പുകളിലേക്ക് ക്ഷണിക്കുകയാണ് അതിലൂടെ. അല്ലെങ്കിൽ, തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഒരെളിയ ശ്രമം. സ്വയം പ്രകടിപ്പിക്കാനുള്ള അവരുടെ വികാരത്തെ വളർത്തിയെടുക്കാൻ നമ്മൾ ചെയ്യേണ്ടത് അവരെ അപകടകരമായ വഴികളിലൂടെ സഞ്ചരിക്കാൻ അനുവദിക്കുകയാണ്. അതിലൂടെ അവർ പുതിയ സാദ്ധ്യതകൾ നേടട്ടെ. സ്വാഭാവികമായും തെറ്റുകൾ വരുത്തട്ടെ. സർഗ്ഗാത്മക പ്രവർത്തിയിലൂടെ കുട്ടികൾ ജീവിത നൈപുണി നേടട്ടെ. കല കേവലം രസകരമായ കളി മാത്രമല്ല. അത് പര്യവേക്ഷണം ചെയ്യുന്നതിലൂടെ കുട്ടി യഥാർത്ഥത്തിൽ വളരെയധികം പഠിക്കുന്നുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. ഒരു കുട്ടി ഒരു ചിത്രം വരക്കുന്നതിലൂടെ ഒരു ദൃശ്യപരമായ ആശയ വിനിമയ കഴിവു സാദ്ധ്യത തുറക്കുകയാണ് സ്വയം. സ്വാനുഭവത്തെ രേഖപ്പെടുത്തുകയാണ് അതിലൂടെ. പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങളുടെ ആശയ വിനിമയം നടത്തുകയാണ്. കല വാക്കാലുള്ള ഭാഷയ്ക്കപ്പുറം പൊകുന്നു അവിടെ. വിഷമം പിടിച്ച കാര്യങ്ങളുടെ പ്രശ്ന പരിഹാരത്തിനുള്ള ഒരു ശ്രമവും കൂടി. 

സാറയിൽ കാണുന്നത് രൂപരേഖയുടെ മാസ്റ്ററിയും ഒരൊറ്റ ബിന്ദുവിലേക്ക് അല്ലെങ്കിൽ കഥാപാത്രത്തിലേക്കുള്ള കൂടുതൽ ശ്രദ്ധയുമാണ്. ഒരു കൂട്ടം രൂപങ്ങൾക്കിടയിൽ തനിക്ക് വ്യത്യസ്തമാക്കേണ്ട ഒന്നിനെ അവൾ കണ്ടെത്തി സവിശേഷമാക്കുന്നത്‌ – ശ്രദ്ധേയമാർന്ന നിറങ്ങളിലൂടെയും രൂപങ്ങളിലൂടെയുമാണ്. രൂപസങ്കൽപങ്ങൾക്കിടയിൽ ചില നേരം അമൂർത്തമായ സഞ്ചാരങ്ങളും ഇയാൾ നടത്തുന്നുണ്ട്. സമ്മിശ്രമായ കാഴ്ച സ്വാതന്ത്ര്യത്തിൻ്റെതാണ്. അതേ നേരം, ഈ വൈരുദ്ധ്യാത്മകത വർണക്കൂട്ടിലുമുണ്ടു് – നേർത്ത പാലറ്റും കടുത്ത നിറങ്ങളും ഒരേ സമയം സമ്മേളിക്കുന്നു. കുട്ടികളിൽ ഒരു പക്ഷെ, സർവ്വസാധാരണമായ ആ സർറിയലിസ്റ്റിക് ഭാവനക്കിടയിലും യുക്തിഭദ്രമായ അളവഴകുകൾ സൂക്ഷിക്കുന്നതിൽ സാറ മിടുക്ക് കാണിക്കുന്നുണ്ടു്. സ്വയം വലിയവരോടു് തൻ്റെ വലിപ്പം സാമ്യപ്പെടുത്താനുള്ള ചിന്തയുടെ ഒരു പ്രതിഫലനമാണത്.  മുതിർന്നവരുടെ ചിന്താപദ്ധതികളോടു് സമാനമാണ് അല്ലെങ്കിൽ അതിനോടൊപ്പം വളർന്നുകൊണ്ടിരിക്കുന്നു എന്ന സാക്ഷ്യപ്പെടുത്തൽ.  നാഗരികമായ അനുഭവത്തിൽ നിന്നുള്ള ആൾക്കൂട്ട സമാനമായ സംവിധാനത്തോട് ഏറെ താൽപര്യം കാണിക്കുന്നു എന്നത് ഒരു തരം സാംസ്കാരിക – സാമൂഹ്യ പൊതുബോധ നിർമിതിക്ക് നല്ലതാണ്. ശുഭകരമാണത്- ആ സൂചന. എന്നാൽ, ഇടയ്ക് എത്തി നോക്കുന്ന സെൽഫ് പോർട്രൈറ്റിൽ പക്ഷെ, ആ മുഖം ഒട്ടൊക്കെ ആർദ്രമാണ്. വിടർന്ന കണ്ണുകൾക്കിടയിലും വെളിപ്പെടുന്ന ഒറ്റപ്പെടലിൻ്റെ ഒരു ചെറു കണിക. അതിനെ നാം കാണാതെ പോവുകയുമരുത്. എന്നു മാത്രമല്ല, മരങ്ങളും പൂക്കളും പുഴയും കാടും അവരുടെ ഭാവനയിൽ കുറഞ്ഞു പോകാതെ സൂക്ഷിക്കേണ്ടതു് പക്ഷെ, മാതാപിതാക്കളുടെ കർത്തവ്യവുമാണ്.

(Dr. Shaju Nellayi is a famous artist, art critic and novelist residing in Trissur, Kerala. He is working as lecturer in painting, Sree Sankaracharya University of Sanskrit, Kalady, Kerala.)

Life Is a Journey

Always Connect With Us

Always connect with us for your queries and travel related informations which may help you to your destination.

    © 2024 Travel. All rights reserved. SWAP IT Solutions