x

അമ്മയുടെ ഓർമ്മപ്പുസ്തകം

അമ്മയുടെ ഓർമപ്പുസ്തകം / മാധവൻ പുറച്ചേരി

കഠിനമായ യാതനകൾ നിറഞ്ഞ ജീവിതത്തെ സ്നേഹം കൊണ്ടു് അതിജീവിച്ച് മാതൃക നൽകിയ ഗംഗ അന്തർജ്ജനം എന്ന അമ്മയുടെ അനുഭവങ്ങൾ ഓർമ്മിക്കുന്ന മഹത്തായ പുസ്തകമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മാധവൻ പുറച്ചേരിയുടെ ‘അമ്മയുടെ ഓർമ്മപ്പുസ്തകം’.

“കമ്യൂണിസ്റ്റ് ആദർശം സാക്ഷാൽകരിക്കാനുള്ള യാത്രയിൽ സ്വന്തം കുടുംബത്തിൻ്റെ ക്ഷേമം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു പോയ വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ നിസ്സഹായതയുടെ കഥ കൂടിയാണ്  ഈ പുസ്തകം. ദാരിദ്ര്യവും അനാഥത്വവും നൽകുന്ന അപമാനത്തിൻ്റെ കുരിശിൽ ചോരയൊലിപ്പിച്ചുകൊണ്ടു് പിടഞ്ഞ ഒരു കുട്ടി, മാനവികതയിലുളള പ്രത്യാശയുടെ വെളിച്ചം കാരണം ഉയർത്തെഴുനേൽക്കുന്ന  വിസ്മയവും ഈ പുസ്തകം അനാവരണം ചെയ്യുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിലും അടയാളപ്പെടുത്താതെ പോയ ഒന്നുണ്ടു്. പൊതുപ്രവർത്തനം അനാഥമാക്കുന്ന, കുടുംബത്തെ തകർന്നു പോകാതെ സംരക്ഷിക്കുന്ന  അമ്മമാരുടെ ത്യാഗോജ്വലമായ ജീവിത സമര ചരിത്രം. ഇതാണ് ‘അമ്മയുടെ ഓർമ്മപ്പുസ്തക’ത്തിലൂടെ  മാധവൻ പുറച്ചേരി രേഖപ്പെടുത്തുന്നത്. നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ ആണധികാരത്തിൻ്റെ തടവിൽ കഴിഞ്ഞു് കൊണ്ടു്  ഇന്ന് സങ്കല്പിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള അപമാനവും പീഡനവും നേരിട്ടിട്ടുണ്ടു്. അക്ഷരം നൽകിയ ഊർജ്ജം സ്വീകരിച്ചാണ്  ഗംഗ അന്തർജ്ജനം നിശ്ചയദാർഢ്യത്തോടെ സ്വാതന്ത്യത്തിലേക്ക് ചിറകടിച്ചുയരുന്നതു്. മക്കളോടുള്ള അളവറ്റ സ്നേഹത്തിൻ്റെ കരുത്തിൽ അസാമാന്യമായ രീതിയിൽ ജീവിത ദുരിതങ്ങളെ മറികടക്കുന്നത് എങ്ങിനെയെന്ന്  ഈ പുസ്തകത്തിലൂടെ വായിച്ചറിയാം. വായനക്കാരെ കൂടുതൽ നല്ല മനുഷ്യനാക്കുന്ന പുസ്തകം തന്നെയാണ് അമ്മയുടെ ഓർമ്മപ്പുസ്തകം,”  സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ജയൻ നീലേശ്വരം അഭിപ്രായപ്പെട്ടു.

“എന്റെ എഴുത്തു ജീവിതത്തിന്റെ 40ാം വർഷമാണിത്. 1983 ലാണ് മാധവൻ പുറച്ചേരി എന്ന പേരിൽ എഴുതാൻ തുടങ്ങിയത്. 1981 ൽ വി.ഇ. മാധവൻ നമ്പൂതിരി എന്ന പേരിൽ ചിലതെഴുതിയിട്ടുമുണ്ട്. കവിത മാത്രമേ എഴുതാറുമുള്ളൂ . അതിനാൽ തന്നെ വളരെ ചെറിയ ഒരു വായനാ സമൂഹത്തെ മാത്രമേ അഡ്രസ് ചെയ്യണ്ടതുള്ളൂ … ചില ചെറിയ കുറിപ്പുകൾ വല്ലപ്പോഴും എഴുതിയിട്ടുണ്ടെന്നല്ലാതെ ഗദ്യമെഴുത്തിൽ നിന്നും മാറി നിൽക്കാറാണ് പതിവ്. അച്ഛനെക്കുറിച്ച് എഴുതണമെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. അമ്മയുടെ പിറന്നാൾ ദിവസം fb യിലെഴുതിയ കുറിപ്പിനെ തുടർന്ന് അമ്മയിലൂടെ അച്ഛനെക്കുറിച്ച് പറയുന്നതാണ് നല്ലതെന്ന് തോന്നി. എങ്കിലും അത്തരമൊരു സാധ്യത ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. കൊറോണയുടെ അടച്ചിരിപ്പിന്റെ നാളിൽ അകപ്പെട്ട അസ്വസ്ഥതയും എഴുത്തിന് കാരണമായി..എന്റെ fb പോസ്റ്റിലും കൂടാതെ പയ്യന്നൂർ ഡയറിസിലും നിരവധി നവമാധ്യമക്കൂട്ടായ്മയിലും വായനക്കാരുടെ തിക്കും തിരക്കും എന്നെ അൽഭുതപ്പെടുത്തിയിരുന്നു. കവികൾക്ക് അത്ര പരിചിതമല്ലാത്തത്ര വിസ്മയകരമായ ഒരു വായനക്കൂട്ടം എന്നെ പിന്തുടരാൻ തുടങ്ങി. സത്യസന്ധമായ എഴുത്തിന് കിട്ടിയ പുരസ്കാരമാണത്. എല്ലാ അനുഭവങ്ങളും എഴുതാനാവില്ല. സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യരുടെ പെരുമാറ്റങ്ങൾ. ഏറ്റവും വേണ്ടപ്പെട്ടവർ തന്ന പല മുറിവുകളും മനസ്സിലിപ്പോഴുമുണ്ട്. അവരുടെ ചെയ്തികളെ വീണ്ടും വിചാരണ ചെയ്യാൻ എനിക്കാഗ്രഹവുമില്ല. വെറുപ്പിനെ മുൻ നിർത്തി ഒന്നുമെഴുതരുതെന്ന ഉറച്ച തീരുമാനവുമുണ്ടായിരുന്നു. ചില മൗനങ്ങൾ അമ്മയുടെ ഓർമ്മപ്പുസ്തകത്തിൽ വായനക്കാർക്ക് കണ്ടുമുട്ടാം. വ്യക്തിപരമായ സങ്കടങ്ങൾ മൈനസ് ചെയ്താൽ പോലും ഈ പുസ്തകം ചർച്ച ചെയ്യപ്പെടുമെന്ന് ഞാൻ കരുതുന്നു. അമ്മയെക്കൂടാതെ ഒരുപാട് സ്ത്രീകളുടെ കണ്ണീരും കിനാവും ഓരോ പേജിലും ലാമിനേറ്റ് ചെയ്തു വെച്ചിട്ടുണ്ട്. സമൂഹത്തിനുള്ളിൽ നടന്ന സമരങ്ങളെക്കാൾ ഗാർഹികാന്തരീക്ഷത്തിൽ സ്ത്രീകൾ നടത്തിയ സഹന സമരങ്ങൾ തിരിച്ചറിയണമെന്ന് എനിക്കാഗ്രഹമുണ്ട്. ഏതെങ്കിലും ഒരാളുടെ തലയിലെഴുത്തായി അതിനെ കാണുകയുമരുത്. ചരിത്രാനുഭവങ്ങളിൽ ഇടമില്ലാതിരുന്ന സ്ത്രീകളുടെ നിശ്ശബ്ദതയ്ക്ക് നാവ് നൽകാൻ എന്റെ എഴുത്തിനാകണമെന്ന പ്രാർത്ഥന മാത്രമാണ് ഒപ്പമുണ്ടായിരുന്നത്” – പ്രശസ്ത കവിയും എഴുത്തുകാരനുമായ മാധവൻ പുറച്ചേരി തൻ്റെ പുതിയ പുസ്തകം,  ‘അമ്മയുടെ ഓർമ്മപ്പുസ്തക’ത്തെക്കുറിച്ച്  എഴുതുന്നു.

‘സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തിൽ നിന്നും ഗതകാല സ്മൃതികളെ മാധവൻ പുറച്ചേരി തിളക്കത്തോടെ അവതരിപ്പിക്കുമ്പോൾ  തീക്ഷണവും ആവേശജനകവുമായൊരു പഴയകാലം പുന:സൃഷ്ടിക്കപ്പെടുന്നു,’ അമ്മയുടെ ഓർമ്മപ്പുസ്തകത്തിൻ്റെ പുറംതാളിൽ കുറിച്ചിട്ട വരികൾ തീർത്തും അന്വർത്ഥമാണ്.  

“പെണ്ണ് കരയുന്നതു് കേൾക്കാൻ ചെവിയില്ലാതെ പോയ പിഴച്ച ഒരു സമൂഹത്തിൻ്റെ നേർച്ചിത്രങ്ങൾ” തീർച്ചയായും നമ്മിൽ ഒരു  നെരിപ്പോടായി മാറും. പല അനീതികളോടും ഇന്നും നാം സമരസപ്പെടുന്നതായി കാണാം. മാധവൻ പുറച്ചേരിയുടെ പുസ്തകം തീർച്ചയായും ചർച്ച ചെയ്യേണ്ടതാണ്.

മാതൃഭൂമി ബുക്സ്  പ്രസിദ്ധീകരിച്ച ‘അമ്മയുടെ ഓർമ്മപ്പുസ്തകം’, വി. ആയിഷാ ബീവിക്ക് കൈമാറി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പ്രകാശനം ചെയ്തു. ഡോ. ഇ.വി.രാമകൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, മാതൃഭൂമി ബുക്സ് പ്രതിനിധികളായ എം. സുധീഷ്, എം. സതീഷ് എന്നിവർ പുസ്തകത്തെക്കുറിച്ച്   സംസാരിച്ചു.


Life Is a Journey

Always Connect With Us

Always connect with us for your queries and travel related informations which may help you to your destination.

    © 2024 Travel. All rights reserved. SWAP IT Solutions