x

പി. എം. സതീഷ് / ഇന്ത്യൻ ഫിലിം സൗണ്ട് ഡിസൈനർ

“ലോക് ഡൗൺ കാലത്ത് അൽഭുതകരമായ അനുഭവങ്ങളാണ് ഞാൻ ആസ്വദിച്ചത്. എത്രയോ വർഷങ്ങൾക് ശേഷം കുറച്ച് ഫ്രീ സമയം ലഭിച്ചതാണ്. ജീവിതത്തിൽ പലതും സമയം ലഭിക്കാതെ മാറ്റി വെച്ചിരിക്കയായിരുന്നു. എനിക്ക് തോന്നി ഇതിലും നന്നായി നമുക്ക് മറ്റൊരവസരം കിട്ടില്ല. അത് ഞാൻ മാക്സിമം അങ്ങ് ഉപയോഗിച്ചു. വളരെ ശാന്തമായി ഇരുന്ന് മ്യൂസിക് കേട്ടു. നല്ല പുസ്തകങ്ങൾ വായിച്ചു. മാതാപിതാക്കളോടൊപ്പം കുറച്ചു കാലം സന്തോഷത്തോടെ കഴിയാൻ അവസരം ലഭിച്ചു. പിന്നെ കുറച്ച്  നല്ല സുഹൃത്തുകളുമായി  സംസാരിച്ചു.”
വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സംസാരിച്ചു് തുടങ്ങിയത്. സൗഹൃദം ഏറെ ഇഷ്ടപ്പെടുന്ന സിനിമാ ലോകത്തെ സെലിബ്രിറ്റി പി.എം.സതീഷ്.  തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞു് നിരവധി സിനിമകൾക് സൗണ്ടു് ഡിസൈൻ നിർവഹിച്ച വിശ്വപ്രസിദ്ധ സൗണ്ട് ഡിസൈനർ പി.എം സതീഷ് തന്നെ.  ഇന്ത്യൻ ഫിലിം സൗണ്ട് ഡിസൈനർ.  ബാഹുബലി, പുലിമുരുകൻ, മാമാങ്കം, കായംങ്കുളം കൊച്ചുണ്ണി എന്നീ സിനിമകൾക് ശബ്ദ സംവിധാനം നിർവഹിക്കുന്നതിന് മുമ്പ് തന്നെ നിരവധി മെയ്ൻസ്ട്രീം ഹിന്ദി സിനിമകളിലും ഡോക്യുമെൻററികളിലും പ്രവർത്തിച്ച് ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ടു്.
പങ്കജ് ഋഷി കുമാറിൻ്റെ  കുമാർ ടാകീസ് എന്ന പ്രസിദ്ധ സിനിമയ്ക് 1999 ൽ ബെസ്റ്റ് സൗണ്ട്  റികോർഡിങ്ങ് ആൻ്റ് ഡിസൈൻ  ദേശീയ അവാർഡ് ലഭിച്ചു. ഇരുനൂറിലധികം ചിത്രങ്ങളും നിരവധി ഡോക്യുമെൻററികളും ചെയ്തു. ബി.ബി.സി, നാഷണൽ ജോഗ്രഫി, നാഷണൽ ഫിലിം ബോർഡ് ഓഫ് കാനഡാ എന്നിവയുമായി പ്രവർത്തിച്ചിട്ടുണ്ടു്. നിശ്ചയദാർഡ്യവും ജീവിതാനുഭവങ്ങളുമാണ് നമുക്കൊരു സെലിബ്രിറ്റിയെ സമ്മാനിച്ചത്. ശബ്ദത്തിന് സിനിമയിൽ വ്യത്യസ്തമായ ഇടമുണ്ടെന്ന് മനസ്സിലാക്കി പതിവ് മെയ്ൻസ്ട്രീം രീതികളിൽ നിന്ന് മാറി മറ്റൊരു പാതയിലൂടെ അദ്ദേഹം മുന്നേറി. പൊതുവെ ഇന്ത്യൻ മെയ്ൻസ്ട്രീം  സിനിമകളിൽ ശബ്ദമെന്നാൽ സംഗീതം മാത്രമായിരുന്നു. ലൊക്കേഷനുകളിൽ ദൃശ്യങ്ങൾക്കായിരുന്നു പ്രാധാന്യം. എന്നാൽ ലൊക്കേഷനിൽ തന്നെ ശബ്ദവും ചിത്രീകരിച്ചുകൊണ്ടു് ഒരു സൗണ്ട് ഡിസൈൻ സങ്കൽപമാണ് തൻ്റെ സൗണ്ടു് ഡിസൈൻ സ്റ്റുഡിയോ ഫയർഫ്ലയ്സ് പോസ്റ്റ് സൗണ്ടിലൂടെ സാദ്ധ്യമാക്കിയത്. ഇരുനൂറിൽ പരം സിനിമകളും ഡോക്യുമെൻററികളും ആനിമേഷനുകളും ഇവിടെ ശബ്ദ സംവിധാനം നിർവഹിക്കപ്പെട്ടു.
അപർണാ സെന്നിൻ്റെ 15 പാർക് അവന്യൂ, കേതൻ മേത്തയുടെ മംഗൽ പാണ്ഡെ, മീരാ നയാരുടെ റിലക്ടൻറ് ഫണ്ടമെൻറലിസ്റ്റ്, ദേവ് ബെനഗലിൻ്റെ റോഡ് മൂവീസ്, ആനന്ദ് പട് വർധൻ്റെ  ജയ് ഭീം കോമറേഡ് എന്നിവ സതീഷ് സൗണ്ട് ഡിസൈൻ ചെയ്ത ചില ചിത്രങ്ങൾ മാത്രം. ബാഹുബലിയിലാണ്  വളരെ സമഗ്രവും ഗഹനവും  ആയ ശബ്ദ വിസ്മയം സൃഷ്ടിച്ചത്. ഏകദേശം പതിനൊന്ന് മാസമെടുത്തു കൊണ്ടാണ് സതീഷും ടീമും ബാഹുബലി ചെയ്തത്. ഓരോ സീക്വൻസിലും ശബ്ദവും ദൃശ്യങ്ങളും സംയോജിപ്പിച്ച് വിസ്മയം സൃഷ്ടിക്കാൻ കഴിഞ്ഞു. എന്നാൽ 2019 ൽ ഗീതാഞ്ജലി റാവു നിർമിച്ച ബോംബെ റോസ് ആണ് ഏറെ സംതൃപ്തിയും അന്തർദേശീയ തലത്തിൽ പ്രശസ്തിയും നേടിക്കൊടുത്തതെന്ന് സതീഷ് പറഞ്ഞു. 2019 ൽ വെനീസ് ഫിലിം ഫെസ്റ്റിവലിൽ, ബോംബെ റോസ്സ്,  പ്രസ്റ്റീജിയസ് ക്രിട്ടിക് വീക്ക്   ഉൽഘാടന ചിത്രമായിരുന്നു. ടൊറൻറോ ഇൻറർനാഷണൽ ഫെസ്റ്റിവെലിലും പ്രദർശിപ്പിച്ചപ്പോൾ വലിയ സ്വീകരണമാണ് സിനിമാലോകം നൽകിയത്. ഓരോ ഫ്രെയിമും വളരെ സാങ്കേതിക മിഴിവോടേയും അങ്ങേയറ്റം കലാപരമായും ചെയ്ത ഈ ആനിമേഷൻ വിസ്മയം പതിനെട്ട് മാസമെടുത്താണ് പൂർത്തിയാക്കിയത്.
” ഇതിന് മുമ്പും ഗീതാഞ്ജലിയുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടു്. ഈ സിനിമ ബോംബെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ പുരസ്കാരം നേടിയിരുന്നു.  വളരെ വെല്ലുവിളികളൊടെയാണ് ഇതിൽ ശബ്ദ സംവിധാനം ചെയ്തത്. യൂറോപ്പിലെ ഏറ്റവും നല്ല സ്റ്റുഡിയോ കൂടി ഉപയോഗിച്ചു. വളരെ സ്പെസിഫിക് ആയി ബോംബെ തെരുവിലെ എക്സ്ട്രീം നോയ്സിൽ കുറഞ്ഞ നല്ല ശബ്ദത്തിൽ തിരഞ്ഞുപിടിച്ചു്  ചെയ്യുക വളരെ ശ്രമകരമായിരുന്നു. വളരെ അവധാനതയോടെ ചെയ്യണം. സംസ്കാരവും ജീവിത സാഹചര്യങ്ങളും ടെക്നോളജിയും സംയോജിപ്പിക്കേണ്ടിയിരിക്കുന്നു. തെരുവുകളിലെ റൊമാൻസും ജീവിതവും ഒരു ആനിമേഷനിൽ നിർവഹിക്കുക വളരെ ചലഞ്ചിങ്ങ് ആയിരുന്നു. ഇവിടെ ശബ്ദത്തിലൂടെ ഇമോഷനുകളെ ഉത്തേജിപ്പിക്കേണ്ടിയിരുന്നു. ഇരുപത്തി അഞ്ച് വർഷത്തിനിടയിലെ നല്ല വർക്ക് ആണിത്. ഉയർന്ന ആർട്ടിസ്റ്റിക് നിലവാരമുള്ള സിനിമയാണിത്. ഇതിന് മുമ്പു് 2014 ൽ ട്രൂ ലവു് സ്റ്റോറിയിലും സൗണ്ടു് ഡിസൈൻ ചെയ്തിട്ടുണ്ടു്. ഇത് കാൻ ഫിലിം ഫെസ്റ്റിവലിൽ കോമ്പറ്റീഷനിൽ  സെലക്ട് ചെയ്തിരുന്നു”. സതീഷ് ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
പുരസ്കാരങ്ങളേയും  അഭിനന്ദനങ്ങളേയും കുറിച്ച് ഓർത്തപ്പോൾ തൻ്റെ കോളേജ് വിദ്യാഭ്യാസ കാലത്തെ തലശ്ശേരിയിലെ ഫിലിം സൊസെറ്റി പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞു. ഫിലിം സൊസൈറ്റികളിലൂടെ കാണാൻ കഴിഞ്ഞ നല്ല സിനിമകളാണ് തീരെ പരിചയമില്ലാത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് സഹായിച്ചത്.

” അച്ഛൻ്റെ പ്രോത്സാഹനമാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷയെഴുതാൻ കാരണം. ഇൻറർവ്യൂ സമയത്ത് ഇംഗ്ലീഷ് ഭാഷ വലിയ പ്രശ്നമായി. ഇൻറർവ്യൂ ബോർഡിൽ ഇന്ത്യയിലെ മികച്ച ഫിലിം എക്സ്‌പെർട്ടുകൾ ഉണ്ടായിരുന്നു. ഇൻസ്റ്റിറ്റൂട്ടു് ഡയരക്ടറും ഡീനും ഉണ്ടായിരുന്നു. മലയാളിയായ ഡീനാണ് എന്നെ രക്ഷിച്ചത്. ഫിസിക്സിലെ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം പറഞ്ഞു. പിന്നെ സിനിമകളെക്കുറിച്ചും അതിൻ്റെ ആർട്ടിസ്റ്റിക് ആസ്പറ്റുകളെക്കുറിച്ചും ചോദിച്ചു. ഇഗ്ലീഷിൽ പറയാൻ നന്നേ വിഷമിച്ചു. പക്ഷെ ഡീൻ പറഞ്ഞു: വിഷമിക്കേണ്ട, നിനക്കറിയാവുന്ന കാര്യം മലയാളത്തിൽ പറഞ്ഞാൽ മതി. അദ്ദേഹം തർജമ ചെയ്തു. അതൊരു വലിയ ദൈവാധീനം മാത്രം. അങ്ങിനെയാണ് ഇൻറർവ്യൂയിൽ ജയിച്ചത്. പിന്നീടു് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം തന്നെയാണ് ജീവിതത്തിലും രക്ഷകനായതു് . മൂന്ന് കൊല്ലം കേന്ദ്ര ഗവർമണ്ടു്  സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കി. പഠിച്ചത് പ്രയോഗത്തിൽ വരുത്താൻ കഴിഞ്ഞു. അതിൽ ഫോകസ്സ് ചെയ്തു കൊണ്ടു് ക്രിയേറ്റിവിറ്റിയിലേക്ക് മാറി “.
തിരക്കേറിയ ജീവിതയാത്രയിൽ ലോക് ഡൗൺ ആയതിനാൽ തലശ്ശേരിയിലെ പുന്നോലിലെ വീട്ടിൽ പഴയ കാല ഓർമകളുടെ മറ്റൊരു മാന്ത്രിക ശബ്ദവും ശ്രവിച്ച്  പി.എം സതീഷ്  ഓർക്കുകയാണ്. തൻ്റെ സുഹൃത് ബന്ധങ്ങളെ വീണ്ടും വീണ്ടും ഓർക്കുകയാണ്.

Life Is a Journey

Always Connect With Us

Always connect with us for your queries and travel related informations which may help you to your destination.

    © 2024 Travel. All rights reserved. SWAP IT Solutions