നക്ഷത്രങ്ങളുംഅമ്പിളി മാമനും കുട്ടികാലത്ത് ആകാശത്തെ അമ്പിളി മാമനെ നോക്കി വിസ്മയിക്കാത്തവരുണ്ടാവില്ല. അമ്പിളിമാമനെ പിടിച്ചു തരാമെന്ന് പറഞ്ഞാൽ കരച്ചിൽ നിർത്താത്ത കുഞ്ഞുങ്ങളുമുണ്ടാവില്ല.അതെ എത്ര എത്ര മുത്തശ്ശി കഥകൾ. എത്ര എത്ര കവി ഭാവനകൾ !സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും ആസ്വദിക്കാത്തവരുണ്ടോ?നഷ്ടപ്പെട്ട ആ സുന്ദര സ്വപ്നങ്ങളെ താലോലിക്കാത്തവരുണ്ടോ?കാലം മുന്നോട്ടു പോയി. നഷ്ടങ്ങളും വ്യാകുലതകളും സമ്മാനിച്ചുകൊണ്ട് .കാലം നമുക്ക് തെളിഞ്ഞ നക്ഷത്രങ്ങളെയും നഷ്ടമാക്കി കൊണ്ട് കടന്നു പോയി.പൂവണിഞ്ഞു നിൽക്കുന്ന ചന്ദ്രികയിൽ നിന്നും നമ്മെ മാറ്റി നിർത്തി കൊണ്ടു്. ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി, നഗരങ്ങളിൽ കറുത്ത ആകാശവും പൊടിപടലങ്ങളും നമ്മെ ശ്വാസം മുട്ടിച്ചു. ഈ മഹാനഗരത്തിൽ നമുക്ക് നഷ്ടമായത് തെളിഞ്ഞ ആകാശവും നക്ഷത്രങ്ങളുമാണ്. ഇപ്പൊൾ നഗരം നിശ്ചലമായപ്പോൾ ഭീതിയോടെ നാം തിരിച്ചു പോന്നു.നിശ്ചലമായ റോഡുകളും അടഞ്ഞു കിടക്കുന്ന കമ്പോളങ്ങളും തൊഴിലും ഉപേക്ഷിച്ചു് ഗ്രാമത്തിലേക്ക് തിരിച്ചു വന്നപ്പോൾ വീണ്ടും ആകാശത്ത് തെളിഞ്ഞത് അമ്പിളി മാമനും നക്ഷത്രങ്ങളും തന്നെ.മാറ്റങ്ങളില്ലാതെ, ജന്മാന്തരങ്ങളിലൂടെ കടന്നു വന്നവർ.അതെ വികാര വായ്പ്പോടെ , മന്ദസ്മിതം പൂകി ഒരു കൊച്ചു ബാലികയെപ്പോലെ.നഗരത്തിലേക്ക് നാം ചേക്കേറിയപ്പോൾ നാം നശിപ്പിച്ചത് നമ്മുടെ ഭൂമിയും ആകാശവും തന്നെ . മലിനീകരണത്തിലൂടെ തെളിഞ്ഞ ആകാശം ഇല്ലാതാക്കി. നക്ഷത്രങ്ങൾ മറക്കപ്പെട്ടു.പഠിക്കുന്ന കാലത്ത് ചില നക്ഷത്രങ്ങളുടെ പേരും സ്ഥാനവും അറിയാമായിരുന്നു. സ്കൂളിൽ നിന്ന് ടെലിസ്കോപ്പിന്റെ സഹായത്താൽ കൂടുതൽ നക്ഷത്രങ്ങളെ മനസ്സിലാക്കിയിരുന്നു . സൂര്യാസ്തമയത്തിന് ശേഷം മേഘാവൃതമല്ലാത്ത ആകാശത്ത് നക്ഷത്രങ്ങൾ മിന്നി തെളിഞ്ഞു വരുന്നത് അത്ഭുത കാഴ്ച തന്നെയാണ്.ആകാശത്തിന്റെ ഒരു മാപ്പ് ലഭിക്കുകയാണങ്കിൽ കൂടുതൽ നക്ഷത്രങ്ങളെയും ഗ്രഹങ്ങളേയും പഠിക്കാൻ കഴിയും. അവയിൽ സൂചിപ്പിക്കുന്ന സമയവും സ്ഥലത്തിന്റെ ലാറ്റിറ്റൂഡും ശ്രദ്ധിക്കണം. ഡൽഹിയിൽ രാത്രി 9 മണിക്ക് ദൃശ്യമാവുന്ന ആകാശ കാഴ്ചയും തിരുവനന്തപുരത്തെ ദൃശ്യവും വ്യത്യസ്ഥമാണ്. സ്ഥലത്തിന്റെ ലാറ്റിറ്റൂഡിലുള്ള വ്യത്യാസമാണ് കാരണം.ഒരു സ്ഥലത്ത് രാത്രി 9 മണിക്ക് ദൃശ്യമാകുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും പിറ്റേ ദിവസം 8 മണി 56 മിനുട്ടിൽ ദൃശ്യമാവുന്നത് ഏററവും ലളിതമായ അടിസ്ഥാന തത്വം മാത്രം. പിന്നീടുള്ള ദിവസങ്ങളിൽ 4 മിനുട്ടു് നേരത്തെ അതേ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണാം.അടുത്ത വർഷം അതെ ദിവസം അതെസ്ഥലത്ത് അതെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവും.തികച്ചും വിസ്മയത്തൊടെ മാത്രമേ അവ നമുക്ക് നോക്കി കാണാൻ കഴിയുകയുള്ളൂ. വളരെ ശാസ്ത്രീയമായി നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചു കൊണ്ടു് മറെറാരു അത്ഭുത ലോകത്തിലേക്ക് നമുക്ക് കടക്കാം.ഇവിടെ നിരവധി ശാസ്ത്രജ്ഞരുടെയും നിരീക്ഷകരുടെയും അറിവുകൾ ഉപയോഗപ്പെടുത്താം.അസ്ട്രോണമി എന്ന ശാസ്ത്ര ശാഖയെ പരിചയപ്പെടാം.നിരവധി പുസ്തകങ്ങളും ജേർണലുകളും പഠനങ്ങളും ലഭ്യമാണ്. |